ആരംഭിച്ചത് മുതൽ 50,000 ഭവന വായ്പകൾ നൽകി ഒമാൻ ഹൗസിംഗ് ബാങ്ക്

മസ്‌കറ്റ്: ഒമാൻ ഹൗസിംഗ് ബാങ്ക് ആരംഭിച്ചത് മുതൽ ഇതുവരെ 50,000 ഭവന വായ്പകളാണ് നൽകിയത്. ഒമാൻ ഹൗസിംഗ് ബാങ്ക് ഇപ്പോൾ പുതിയ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ ചേർക്കുന്നത് സംബന്ധിച്ച് പഠനം നടത്തിവരുകയാണ്. വികസന പദ്ധതികൾക്ക് അനുസൃതമായി ഒമാനി കുടുംബങ്ങൾക്ക് മതിയായ പാർപ്പിടം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ പ്രവർത്തനം.

ആധുനിക ബാങ്കിംഗ് പ്രവർത്തനങ്ങളുടെ ആവശ്യകതകൾക്ക് അനുസൃതമായി ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളുടെ വികസനം, ആവശ്യമായ കൃത്യത, എളുപ്പം, നടപടിക്രമങ്ങളുടെ വേഗത എന്നിവയും പഠനത്തിൽ ഉൾപ്പെടുന്നുവെന്ന് ഹൗസിംഗ് ബാങ്ക് സിഇഒ മൂസ ബിൻ മസൂദ് അൽ ജാദിദി വിശദീകരിച്ചു.

ഒമാൻ ഹൗസിംഗ് ബാങ്ക്, 45 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചത് മുതൽ, രാജ്യത്തിന്റെ സാമ്പത്തിക, നഗര വികസനത്തിന് ഫലപ്രദമായ സംഭാവനകളിലൂടെ നേട്ടങ്ങളുടെ റെക്കോർഡിൽ വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടുള്ളതായും ഒമാൻ സുൽത്താനേറ്റിലെ വികസനത്തെയും നഗരവൽക്കരണത്തെയും പിന്തുണയ്ക്കുന്നതിൽ അതിന്റെ പങ്ക് തുടരാൻ അത് ശ്രമിക്കുന്നതായും ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.