
മസ്കത്ത്: ലോകകപ്പ് കാണാൻ ഖത്തറിൽ പോവുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഷട്ടിൽ സർവിസ് അടക്കമുള്ളവയാണ് ഒമാൻ എയർ നൽകുന്നത്.ഇത്തരത്തിലുള്ള സർവിസുകൾ ഫുട്ബാൾ ആരാധകർക്ക് അനുഗ്രഹമാവുകയാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി ഫുട്ബാൾ പ്രേമികളാണ് ഒമാൻ വഴി ഖത്തറിലേക്ക് പറക്കുന്നത്. ഒമാനിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളും താരതമ്യേന കുറവാണ്. സാധാരണ ക്ലാസിന് 49 റിയാലാണ് ഒമാൻ എയർ ഈടാക്കുന്നത്. ഇതോടെ വിമാനത്താവളത്തിൽ തിരക്കും വർധിച്ചു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് ഒമാൻ എയറിന്റെ ലോകകപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ പ്രത്യേക ലോകകപ്പ് ചെക് ഇൻ കൗണ്ടറും പ്രത്യേക എമിഗ്രേഷൻ കൗണ്ടറും സ്ഥാപിച്ചത് യാത്രക്കാർക്ക് ഏറെ ഗുണകരമാക്കിയിട്ടുണ്ട്.
ഒമാൻ എയർ ഏറ്റവും കുറഞ്ഞ ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ നൽകിയതോടെ യു.എ.ഇയിൽ നിന്ന് പോലും ഫുട്ബാൾ ആരാധകർ ഒമാൻ വഴി യാത്ര ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ ചില ഫുട്ബാൾ ആരാധകർ കാർ മാർഗം മസ്കത്തിലെത്തി ഒമാൻ എയർ വഴി ലോകകപ്പ് കാണാൻ പോവുന്നവരുമുണ്ട്.