ഒമാനിൽ 52ാം ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി ആരംഭിച്ചു

മസ്കത്ത്: ഒമാനിൽ 52ാം ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലെ പൊതു അവധിയും രണ്ടു ദിവസത്തെ വാരാന്ത്യ ദിനവും ചേർത്ത് നാലു ദിവസത്തെ പൊതു അവധിയാണുള്ളത്. ഈ നാലു ദിവസങ്ങളിൽ ഒമാനിലെ എല്ലാ സ്ഥാപനങ്ങളും അവധിയായിരിക്കും. അവധി എത്തിയതോടെ നിരവധി പേർ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. വിവിധ സെക്ടറിലേക്ക് ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്പ്രസ് പോലും വൺവേക്ക് മാത്രം 100ലധികം റിയാലാണ് ഈടാക്കുന്നത്.

മറ്റു രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നവരും നിരവധിയാണ്. അവധി ആഘോഷത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ഒരുക്കിയിരിക്കുന്നത്. ഫാം ഹൗസുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അവധി ആഘോഷത്തിന്റെ ഭാഗമായി ഫാം ഹൗസുകളിലെല്ലാം ബുക്കിങ് പൂർണമായിരിക്കുകയാണ്.

ഒമാനിൽ നല്ല കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇത് വിനോദസഞ്ചാര യാത്രക്കും ആഘോഷങ്ങൾക്കും സഹായകമാകും. അതേസമയം ലോകകപ്പും കുട്ടികളുടെ പരീക്ഷയും വിനോദസഞ്ചാര യാത്രകളെ ചെറിയ തോതിൽ ബാധിക്കുന്നുണ്ട്.