
മസ്‌കത്ത്: ത്രിദിന ഒമാൻ ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിയുടെ സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും പ്രവർത്തനങ്ങൾ തിങ്കളാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ഊർജ, ധാതു വകുപ്പ് മന്ത്രി സലിം ബിൻ നാസർ അൽ ഔഫിയുടെയും മന്ത്രിമാരുടെയും അണ്ടർ സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ ആരംഭിക്കും. ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ വിദഗ്ധരും നിക്ഷേപകരും കൺസൾട്ടന്റുമാരും സമ്മേളനത്തിൽ പങ്കെടുക്കും.
ഗ്രീൻ ഹൈഡ്രജൻ മേഖലയുമായി ബന്ധപ്പെട്ട 30-ലധികം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന എക്‌സിബിഷനോടെയാണ് ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിക്ക് തുടക്കമാകുന്നത്. ഒമാൻ ഹൈഡ്രജൻ കോൺഫറൻസിൽ 12 ചർച്ചാ സെഷനുകളും നിരവധി സാങ്കേതിക ശിൽപശാലകളും സംഘടിപ്പിക്കും.
കാർബൺ പുറംന്തള്ളൽ തടയുന്നതിനും സുസ്ഥിര വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ശുദ്ധമായ സാങ്കേതിക വിദ്യയുടെ ഉപയോഗം, ഊർജ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം എന്നിവയ്‌ക്കായി ഊർജമേഖലയിലെ പരിവർത്തനത്തിനുള്ള സുൽത്താനേറ്റിന്റെ പദ്ധതികളുമായി യോജിച്ചതാണ് ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടി.
കാർബൺ ന്യൂട്രാലിറ്റിയുടെ നേട്ടത്തിന്റെ പ്രഖ്യാപനത്തിൽ ഹിസ് മജസ്റ്റി ദി സുൽത്താന്റെ രാജകീയ നിർദ്ദേശങ്ങളിൽ സ്വീകരിച്ച നടപടികളും ഉച്ചകോടി അവലോകനം ചെയ്യും.