
ദേശീയ ദിന അവധിയിൽ 4000ത്തോളം പേർ സോഹാർ കോട്ട സന്ദർശിച്ചു. നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയുള്ള അവധി ദിവസങ്ങളിലാണ് 3,902 പേർ സോഹാർ കോട്ട സന്ദർശിച്ചതായി പൈതൃക ടൂറിസം മന്ത്രാലയം (എം.എച്ച്.ടി) അറിയിച്ചത്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സൊഹാർ കോട്ടയ്ക്ക് അഞ്ച് ഗോപുരങ്ങളാണുള്ളത്.
സന്ദർശകരിൽ 88 ശതമാനവും ഒമാനികളാണ്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പ്രകാരം ഒമാനിലെ ചരിത്രപരമായ സ്ഥലങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. നോർത്ത് ബാത്തിനയിലെയും ദഖലിയയിലെയും ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ കോട്ടകളുള്ളത്.