
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് അടക്കമുള്ള ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പെയ്തത കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ചില ഇടങ്ങളിൽ ഇടി മിന്നലോടെയുള്ള മഴയാണ് ലഭിച്ചത്. തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, ദാഖിലിയ്യ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് ഞായറാഴ്ച മഴ പെയ്തത്. റൂവി അടക്കമുള്ള മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്തു.മസ്കത്ത് ഗവർണറേറ്റിൽ റൂവി, സീബ് അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും മഴ പെയ്തിരുന്നു.
ഗതാഗതക്കുരുക്ക് കാരണം നിരവധി പേർ ജോലി സ്ഥലങ്ങളിൽ വൈകിയാണെത്തിയത്. അതിരാവിലെ ശക്തമായ മഴ പെയ്തത് കാരണം സ്കൂളുകളിൽ ഹാജർ കുറവായിരുന്നു. റോഡിൽ വെള്ളം കയറിയത് കാരണം റോഡപകടങ്ങളുണ്ടായതും ഗതാഗതക്കുരുക്കിന് കാരണമായി. പല ഇടങ്ങളിലും മഴ ശക്താവുകയും അന്തരീക്ഷം കൂടുതൽ മേഘാവൃതമാവുകയും ചെയ്തു. ചിലയിടങ്ങളിൽ ഏറെ നേരം ശക്തമായ മഴ പെയ്തത് റോഡിൽ വൻ വെള്ളക്കെട്ടാണുണ്ടാക്കിയത്. ഞായറാഴ്ച രാവിലെ പത്ത് മുതൽ 40 മില്ലീ മീറ്റർ വരെ മഴയാണ് വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ചയും മസ്കത്ത്, തെക്കൻ ശർഖിയ്യ, തെക്കൻ ബാത്തിന എന്നിവിടങ്ങളിലും അൽ ഹജർ പർവത നിരകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.