
ഷാർജ: ഷാർജ മ്യൂസിയം അതോറിറ്റിയുടെ സഹകരണത്തോടെ നാഷണൽ മ്യൂസിയം സംഘടിപ്പിക്കുന്ന “ഒമാനി നാഗരികത: ഉത്ഭവവും വികസനവും” പ്രദർശനം ബുധനാഴ്ച ഷാർജ പുരാവസ്തു മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്തു. 2023 ജൂൺ 7 വരെയാണ് പ്രദർശനം നടക്കുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റിന്റെ (യുഎഇ) സുപ്രീം കൗൺസിൽ അംഗവും ഷാർജ എമിറേറ്റ് ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ഹസൻ അൽ മൂസാവി, യുഎഇയിലെ ഒമാൻ അംബാസഡർ സയ്യിദ് ഡോ. അഹമ്മദ് ഹിലാൽ അൽ ബുസൈദി, മനൽ അതായ എന്നിവരും പങ്കെടുത്തു.
ഒമാനും യുഎഇയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളും മേഖലയുടെ സമ്പന്നമായ ചരിത്രവും എടുത്തുകാണിക്കുന്ന 100 പുരാവസ്തുക്കളുടെ അപൂർവ ശേഖരം പ്രദർശനത്തിൽ പ്രദർശിപ്പിക്കുന്നു.
ശിലായുഗം, വെങ്കലയുഗം, ഇരുമ്പ് യുഗം എന്നിവയിലുടനീളം ഒമാനി നാഗരികത സാക്ഷ്യം വഹിച്ച സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സംഭവവികാസങ്ങളും ഇസ്ലാമിക യുഗത്തിന്റെ ആരംഭം വരെ പ്രദർശനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.