
മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ എംബസി, 2022 ഡിസംബർ 13 ചൊവ്വാഴ്ച, ‘ഇന്ത്യൻ ടെക്നിക്കൽ & ഇക്കണോമിക് കോ-ഓപ്പറേഷൻ’ (ഐടിഇസി) ദിനം ആഘോഷിച്ചു. മുൻ വർഷങ്ങളിൽ ഐടിഇസി പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ നടന്ന വിവിധ പരിശീലന കോഴ്സുകളിൽ പങ്കെടുത്ത വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും അടങ്ങുന്ന ഒമാനിൽ നിന്നുള്ള ഐടിഇസി പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
സുൽത്താനേറ്റ് ഓഫ് ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, നവീകരണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം ബിൻ സെയ്ദ് അൽ മഹ്റൂഖിയ്യ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
‘ഒമാൻ വിഷൻ 2040’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഒമാന്റെ യാത്രയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായ പങ്കാളിയാണെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് വ്യക്തമാക്കി.
ഇന്ത്യയുടെ ജി-20 പ്രസിഡൻസിക്ക് കീഴിൽ, ഇന്ത്യ ഒമാനെ പ്രത്യേകം അതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്നും ഇത് പരിശീലനം, വൈദഗ്ധ്യം, ശേഷി വികസനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് മറ്റൊരു വേദി നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
സൗഹൃദപരമായ വികസ്വര രാജ്യങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയുടെ ഭാഗമായാണ് 1964 സെപ്റ്റംബറിൽ ഇന്ത്യൻ ടെക്നിക്കൽ & ഇക്കണോമിക് കോഓപ്പറേഷൻ (ITEC) പ്രോഗ്രാം ആരംഭിച്ചത്. അതിന്റെ തുടക്കം മുതൽ, 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 200,000-ത്തിലധികം പ്രൊഫഷണലുകൾ ITEC കോഴ്സുകളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
പരിപാടിയിൽ തിരഞ്ഞെടുത്ത ഒമാനി ഉദ്യോഗസ്ഥർ ഐടിഇസിക്ക് കീഴിലുള്ള തങ്ങളുടെ അതുല്യമായ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ITEC പ്രോഗ്രാം ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം മാത്രമല്ല, ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അറിയാനും രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തിൽ ആനന്ദിക്കാനും അവസരമൊരുക്കുന്നുവെന്ന് അവർ എടുത്തുപറഞ്ഞു.
ആഘോഷങ്ങളിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ ആകർഷകമായ പ്രകടനവും ഗാല ഡിന്നറും ഉണ്ടായിരുന്നു.