
മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദം മൂലം സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
കാറ്റിന്റെ വേഗത 17 മുതൽ 27 നോട്ടുകൾ വരെ എത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാൻ സുൽത്താനേറ്റിൽ നേരിട്ട് സ്വാധീനം ചെലുത്താതെ ന്യൂനമർദമായി മാറാനും സാധ്യതയുള്ളതായും സിഎഎ അറിയിച്ചു.
ഉഷ്ണമേഖലാ വ്യവസ്ഥ തിരമാലകളുടെ ഉയരം പരമാവധി 3 മുതൽ 4 മീറ്റർ വരെ ഉയരുകയും സമുദ്രജലം അറബിക്കടലിന്റെ താഴ്ന്ന തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.
വാർത്തകളും റിപ്പോർട്ടുകളും പിന്തുടരാനും സൂചിപ്പിച്ച കാലയളവിൽ കടലിൽ പോകുന്നത് ഒഴിവാക്കാനും സിഎഎ എല്ലാവരോടും അഭ്യർത്ഥിച്ചു.