കോവിഡ് പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ന്യൂഡൽഹി – കോവിഡ് പടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ വീണ്ടും കൊവിഡ് പരിശോധന ആരംഭിക്കുന്നു. രാജ്യാന്തര തലത്തിൽ കൊവിഡ് ഉപവകഭേദത്തിന്റെ പുതിയ ഭീതി പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയാണ്. വിദേശത്ത് നിന്ന് ഇന്ത്യയിലലെത്തുന്ന യാത്രക്കാരിൽ രണ്ടുശതമാനം പേരുടെ സാമ്പിളുകൾ ശേഖരിക്കാനാണ് ആദ്യഘട്ടത്തിൽ നിർദേശം നൽകിയിരിക്കുന്നത്. തുടർന്ന് ഇവ കൊവിഡ് പരിശോധനയ്ക്ക് അയക്കണമെന്നും വ്യോമയാന മന്ത്രാലയത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ പറയുന്നു.

ഇത്തരത്തിൽ വിമാനത്താവളങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളിൽ കൊവിഡ് പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ ഇത്തരം ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ പറയുന്നു.

പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെല്ലാമാണെന്ന് തീരുമാനിക്കുന്നത് വിമാന കമ്പനികളായിരിക്കും. രാജ്യാന്തര യാത്ര നടത്തുന്നവർ കൊവിഡ് വാക്‌സിൻ എടുക്കണം. യാത്രയ്ക്കിടെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കേന്ദ്ര വ്യോമയാന സെക്രട്ടി രാജിവ് ബൻസലിന് അയച്ച മാർഗരേഖയിൽ വ്യക്തമാക്കി.
ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ തത്ക്കാലം റദ്ദാക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.