ഒമാനിൽ കൂടുതൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഇന്ന് മുതൽ അടുത്ത ബുധനാഴ്ച വരെ രണ്ട് വായു മർദ്ദം ബാധിക്കാൻ സാധ്യതയുള്ളതായി നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാർഡ്സ് കാലാവസ്ഥാ അപ്‌ഡേറ്റിലൂടെ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരം, മുസന്ദം ഗവർണറേറ്റിന്റെ കിഴക്കൻ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ ഇടയ്ക്കിടെ മഴ പെയ്തിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലും ഗവർണറേറ്റിൽ ഇടയ്ക്കിടെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ആദ്യ ന്യൂനമർദത്തിന്റെ പ്രഭാവം ഞായറാഴ്ച വരെ തുടരും. മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിൽ ഇടിമിന്നലോട് അനുബന്ധിച്ച് വ്യത്യസ്ത തീവ്രതയുള്ള മഴ പെയ്യാനുള്ള സാധ്യതയുള്ള മേഘങ്ങളുടെ പ്രവാഹം ഇതോടൊപ്പമുണ്ടാകും.

ഡിസംബർ 26 തിങ്കൾ മുതൽ ഡിസംബർ 28 ബുധൻ വരെയാണ് രണ്ടാം ന്യൂനമർദത്തിന്റെ പ്രഭാവം പ്രതീക്ഷിക്കുന്നത്. ഇത് ഒമാൻ സുൽത്താനേറ്റിന്റെ വടക്കൻ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമാകും.

ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യും.

അതേസമയം മഴക്കാലത്തും താഴ്‌വരകൾ കവിഞ്ഞൊഴുകുന്ന സമയത്തും മുൻകരുതലുകൾ സ്വീകരിക്കാൻ പൗരന്മാരോടും താമസക്കാരോടും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.