
മസ്കത്ത്: ബുധനാഴ്ച രാത്രിയോടെ മഴ ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വ്യാഴാഴ്ച വരെ മിക്ക ഗവർണറേറ്റുകളിലും ന്യൂനമർദത്തിന്റെ ഫലമായി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കത്ത്, ദാഹിറ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 60 മില്ലി മീറ്റർവരെ മഴ പെയ്തേക്കും.
മണിക്കൂറിൽ 30 മുതൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും കേന്ദ്രം വ്യക്തമാക്കി. മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ മൂന്നു മീറ്റർവരെ ഉയർന്നേക്കും.
സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് മസ്കത്തിൽ ചൊവ്വാഴ്ച രാവിലെവരെ 72 മില്ലി മീറ്ററാണ് മഴപെയ്തത്.