
മസ്‌കറ്റ്: മസ്‌കറ്റ് മുനിസിപ്പാലിറ്റി 2023 ജനുവരി 1 ഞായറാഴ്ച മുതൽ ഗവർണറേറ്റിലെ നിരവധി സൈറ്റുകളിൽ പുതിയ മീറ്റർ പാർക്കിംഗ് ലോട്ടുകൾ സജീവമാക്കി.
റൂവിയിലെ തൊഴിൽ മന്ത്രാലയത്തിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ കെട്ടിടത്തിന് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിലും, അൽ ഖൂദ് സൂഖിലും ഊരീദു സ്റ്റോറിനു പിന്നിലുമാണ് പുതിയ കാർ പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗുണഭോക്താക്കൾക്ക് കാർ നമ്പറും കോഡും ആവശ്യമായ സമയവും (30 മുതൽ പരമാവധി 300 മിനിറ്റ് വരെ) അടങ്ങിയ എസ്എംഎസ് 90091 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് പാർക്കിംഗ് റിസർവ് ചെയ്യാവുന്നതാണ്. തുടർന്ന് ടിക്കറ്റ് നമ്പർ, കാർ നമ്പർ, കോഡ്, റിസർവേഷൻ തീയതി, സമയം എന്നിവ അടങ്ങുന്ന എസ്എംഎസ് ഗുണഭോക്താവിന് ലഭിക്കും. ഗുണഭോക്താവിന് സമയപരിധി നീട്ടണമെങ്കിൽ, അതേ ഘട്ടങ്ങൾ പാലിച്ച് 90091 എന്ന നമ്പറിലേക്ക് മറ്റൊരു എസ്എംഎസ് കൂടി അയക്കേണ്ടതാണ്.
ഉപയോക്താക്കൾക്ക് ഒരു കാർ പാർക്ക് മണിക്കൂറുകളോളം റിസർവ് ചെയ്യാനും പാർക്കിംഗ് പെർമിറ്റ് നേടാനും പുതുക്കാനും അല്ലെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കാനും പിഴ അടക്കാനും ബാലദിയേതി ആപ്പ് ഉപയോഗിക്കാം. ഗുണഭോക്താക്കൾക്ക് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് http://www.mm.gov.om/ സന്ദർശിച്ചും പാർക്കിംഗ് പെർമിറ്റ് നേടാനോ പുതുക്കാനോ അല്ലെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കാനോ പിഴ അടയ്ക്കാനോ സാധിക്കുന്നതാണ്.