ജബൽ ശംസിൽ മഞ്ഞ്​ പെയ്യാൻ തുടങ്ങി

മസ്കത്ത്: ജബൽ ശംസിൽ മഞ്ഞ്​ പെയ്യാൻ തുടങ്ങി. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെയാണ് മഞ്ഞ്​ പെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം 0.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊടും തണുപ്പ് ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ജബൽ ശംസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. താപനില വരും ദിവസങ്ങളിൽ ഇനിയും കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. സമുദ്രനിരപ്പിൽനിന്ന് 3100 മീറ്റർ ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽവരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സീസണിലാണ് ഇവിടേക്ക്​ വിനോദസഞ്ചാരികൾ എത്തുന്നത്. ജബൽ ശംസിൽ തണുപ്പ് വർധിക്കുക ഡിസംബർ, ജനുവരി മാസങ്ങളിലാണ്.