ഒമാന്‍റെ സഹായത്താൽ ജീവിതത്തിലേക്ക് തിരിച്ചുനടന്ന് 50 യമനികൾ

മസ്കത്ത്: യമനിലെ സംഘർഷത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കുള്ള ഒമാന്‍റെ സഹായം തുടരുന്നു. കൃത്രിമ കൈകാലുകൾ നൽകി ഇതിനകം 900ത്തോളം പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. സലാലയിലുള്ള കൃത്രിമ കൈകാലുകൾ നിർമിച്ചുനൽകുന്ന അറേബ്യൻ പ്രോസ്‌തെറ്റിക്‌സ് സെന്റർ (എ.പി.സി) വഴിയാണ്ഇ വരെ തിരിച്ചുനടക്കാൻ സഹായിച്ചത്.

സെന്‍ററിൽ യമനിൽ നിന്നുള്ള 15ാമത് ബാച്ചിന്‍റെ പുനരധിവാസം പൂർത്തിയായി. യമനിലെ സന, ഇബ്ബ്, മആരിബ് എന്നിവിടങ്ങളിൽനിന്ന് പരിക്കേറ്റ അമ്പത് ആളുകളാണ് ഒമാനിലെ കേന്ദ്രത്തിൽ ചികിത്സയും പുനരധിവാസ പരിപാടിയും വിജയകരമായി പൂർത്തിയാക്കിയതെന്ന് എ.പി.സി പറഞ്ഞു. യമൻ യുദ്ധത്തിലെ മാനുഷിക ശ്രമങ്ങൾക്കും അയൽക്കാരുമായുള്ള സാഹോദര്യ ബന്ധത്തിനും സുൽത്താനേറ്റിന് എ.പി.സി മാനേജ്‌മെന്റ് നന്ദി പറഞ്ഞു. കൃത്രിമക്കാലുകൾ ലഭിച്ചതോടെ തനിക്ക് പ്രതീക്ഷകൾ തിരികെ കിട്ടിയെന്നും ദൈനംദിനജോലികൾ സുഖകരമായി ചെയ്യാൻ കഴിയുമെന്നും നിലവിൽ മആരിബിൽ താമസിക്കുന്ന സനയിൽ നിന്നുള്ള അബ്ദുൽ കരീം നൗഫൽ പറഞ്ഞു.കുഴിബോംബ് സ്‌ഫോടനത്തിലാണ് ഇദ്ദേഹത്തിന്‍റെ ഇടത് കാലിന്റെ കീഴ്‌ഭാഗം നഷ്ടപ്പെട്ടത്.

അതേസമയം യമനിൽ എട്ടുവർഷമായി തുടരുന്ന ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെടുകയും വികലാംഗരാകുകയും ചെയ്തിട്ടുള്ളത്.