
മസ്കത്ത്: മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ഭാഗമായി ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 40 മീ.മീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 28 മുതൽ 45 കി.മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യത ഉള്ളതായി കേന്ദ്രം വ്യക്തമാക്കി. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളുടെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. ഒമാന്റെ തീരപ്രദേശങ്ങളിൽ 30 മുതൽ 50 മി.മീറ്റർ വരെ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കടലിൽ ഇറങ്ങരുതെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ സ്വദേശികളും വിദേശികളും തയാറാകണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ആവശ്യപ്പെട്ടു.