
മസ്കത്ത്: എക്സ്പോ 2025 ജപ്പാന് വേണ്ടി ഒമാന്റെ പവലിയൻ രൂപകല്പന ചെയ്യുന്നതിനുള്ള മത്സരം ആരംഭിച്ചതായി ഹിസ് ഹൈനസ് സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ് അറിയിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയവുമായി ചേർന്ന് വാസ്തുവിദ്യാ രൂപകല്പനയ്ക്കുള്ള ബിലാറബ് ബിൻ ഹൈതം അവാർഡ് (ബിഎച്ച്എ) പ്രഖ്യപിക്കും.
ഈ മത്സരത്തിൽ പങ്കെടുക്കാൻ ഒരു വലിയ വിഭാഗം പൗരന്മാരെ അനുവദിക്കുന്നതിനായി, ആർക്കിടെക്ചർ, ഡിസൈൻ, നഗര ആസൂത്രണം എന്നീ മേഖലകളിലെ സ്പെഷ്യലിസ്റ്റുകൾക്ക് പ്രായ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ വ്യക്തിഗതമായും 5 അംഗ ടീമുകളായും പങ്കെടുക്കാം. പ്രാദേശിക കൺസൾട്ടേഷൻ ഓഫീസുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ആഗോള ഭൂപടത്തിൽ ഒമാൻ സുൽത്താനേറ്റിന്റെ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ദേശീയ പദ്ധതിയിൽ മുൻകൈയെടുക്കാൻ പങ്കാളിത്ത വ്യവസ്ഥകൾ പാലിക്കുന്ന യുവാക്കളോട് സയ്യിദ് ബിലാറബ് ആഹ്വാനം ചെയ്തു. ഒമാന്റെ പവലിയനും ലോക രാജ്യങ്ങൾക്കിടയിൽ ഒമാന്റെ സുൽത്താനേറ്റ് പദവിക്കും യോഗ്യരായ പ്രമുഖ എൻട്രികൾ മത്സരം സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.