
മസ്കത്ത്: അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മുന്നേറ്റവുമായി ഒമാൻ സുൽത്താനേറ്റ്. ആരോഗ്യ മന്ത്രാലയം നടപടിക്രമങ്ങൾ വേഗത്തിലാക്കിയതോടെയാണ് രാജ്യത്ത് ശസ്ത്രക്രിയകളുടെ കാര്യക്ഷമത വർധിച്ചത്.
കഴിഞ്ഞ വർഷം മുതൽ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് നെഫ്രോളജിസ്റ്റും ഓർഗൻ ട്രാൻസ്പ്ലാൻറ് തലവയുമായ ഡോ. നൈഫൈൻ അൽ കൽബാനി വ്യക്തമാക്കി.
വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾ തകരാറിലായവരുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി ദാതാക്കളെ ആവശ്യമുള്ളവരുടെ പട്ടിക മന്ത്രാലയം തയാറാക്കി വരികയാണെന്നും അവർ അറിയിച്ചു. 1988ൽ പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ ഏകദേശം 350 അവയവ മാറ്റ ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിൽ 317 വൃക്ക മാറ്റിവെക്കലും 17 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായിരുന്നുവെന്ന് ഡോ. നൈഫൈൻ പറഞ്ഞു.
2019ലാണ് അവയവ മാറ്റിവെക്കൽ വകുപ്പ് സ്ഥാപിച്ചത്. 2021ൽ അഞ്ച് വയസ്സുള്ള കുട്ടിക്ക് ആദ്യത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി. നിലവിൽ, മുതിർന്നവർക്കും കുട്ടികൾക്കും വൃക്കകളും കരളും മാറ്റിവെക്കാൻ സുൽത്താനേറ്റ് അനുവദിക്കുന്നുണ്ടെന്നും ഡോ. നൈഫൈൻ അൽ കൽബാനി പറഞ്ഞു