
മസ്കത്ത്: അറബ് കപ്പിലെ നിർണായക മത്സരത്തിൽ ഒമാൻ സുൽത്താനേറ്റിന് ആവേശകരമായ വിജയം . ഇറാഖിലെ ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യമനെ 2-3ന് തകർത്താണ് ഒമാൻ വിജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ ഒമാൻ സുൽത്താനേറ്റ് സെമി ഫൈനൽ സാധ്യതയും ഉറപ്പിച്ചിരിക്കുകയാണ്. കനത്ത മഴയിയ്ക്കിടയിൽ നടന്ന മത്സരത്തിൽ ആദ്യം മുതലേ ആക്രമിച്ച് കളിക്കുന്ന രീതിയായിരുന്നു ഒമാൻ സ്വീകരിച്ചിരുന്നത്. കളിയുടെ രണ്ടാം മിനിറ്റിൽ യമൻ പ്രതിരോധ താരം അലി ഫാദിയുടെ സെൽഫ് ഗോളിളോടെ ഒമാൻ മുന്നിലെത്തി.
പിന്നീട്ആക്രമിച്ച് കളിക്കുന്ന യമനെയാണ് കണ്ടത്. 11ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യമൻ ആദ്യ ഗോൾ നേടുകയും ചെയ്തു. സമനിലയായതോടെ കൂടുതൽ ഉണർന്നുകളിച്ച യമൻ പലപ്പോഴും ഒമാൻ ഗോൾ മുഖത്ത് ബോൾ എത്തിച്ചു. ഒടുവിൽ 30 മിനിറ്റിൽ ഉമര്‍ അല്‍ ദാഹിയിലൂടെ ലീഡെടുക്കുകയും ചെയ്തു. ഒരു ഗോളിന് പിന്നിലായതോടെ പിന്നീട് കൂടുതൽ ഉണർന്നുകളിച്ച ഒമാൻ 37ാം മിനിറ്റില്‍ അര്‍ശദ് അല്‍ അലവിയുടെ ഗോളിലൂടെ സമനില നേടി.
രണ്ടാം പകുതിയുടെ 47ാം മിനിറ്റിൽ ഇസ്സാം അബ്ദുല്ലയിലൂടെ ഒമാൻ നിർണായക ലീഡ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒമാന്‍ ഒരു സമനിലയും ഒരു ജയവുമായി നാല് പോയന്റാണുള്ളത്. 12ന് സൗദിക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.