
മസ്‌കറ്റ്: ഒമാനിലെയും മറ്റ് ഒമ്പത് രാജ്യങ്ങളിലെയും പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉടൻ ആക്‌സസ് ചെയ്യാൻ സാധിക്കും.
10 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇടപാടുകൾക്കായി അവരുടെ ഇന്ത്യൻ ഫോൺ നമ്പറിനെ ആശ്രയിക്കാതെ തന്നെ യുപിഐ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
ഒമാനെ കൂടാതെ, സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് രാജ്യങ്ങൾ.
അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകളുള്ള NRE/NRO (നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ, നോൺ റസിഡന്റ് ഓർഡിനറി) പോലുള്ള അക്കൗണ്ടുകൾക്ക് UPI ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.
നിർദ്ദേശങ്ങൾ പാലിക്കാൻ എൻപിസിഐ പങ്കാളി ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്.