മസ്കത്ത്: ഒമാനിൽ എണ്ണ വില ഉയരുന്നു.വ്യാഴാഴ്ച ഒരു ബാരലിന് 80 ഡോളറിന് തൊട്ടടുത്താണ് വില രേഖപ്പെടുത്തിയത്. 79.69 ഡോളറാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ വില. ബുധനാഴ്ചത്തെ എണ്ണ വിലയെക്കാൾ 2.72 ഡോളർ കൂടുതലാണിത്. ബുധനാഴ്ച ബാരലിന് 76.97 ഡോളറായിരുന്നു. ഒമാൻ എണ്ണ വില ഈ മാസാദ്യം കുത്തനെ ഇടിയുകയായിരുന്നു. ഒമാനിൽ എണ്ണവില ജനുവരി മൂന്നിന് 82.26 ഡോളറായിരുന്നു.എന്നാൽ നാലിന് ഒറ്റ ദിവസം കൊണ്ട് 4.08 ഡോളർ ഇടിഞ്ഞ് ഒമാൻ ബാരലിന് 77.18 ഡോളറിലെത്തുകയായിരുന്നു. അഞ്ചിന് വീണ്ടും ഇടിഞ്ഞ് ഒമാൻ 75.18 എത്തുകയും ചെയ്തു. ഈ മാസം ആറ് മുതലാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്.
ചൈന കോവിഡ് നിയന്ത്രണം പിൻവലിക്കുകയും രാജ്യം സാധാരണ ഗതിയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണ വില ഉയരാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ മൂന്ന് വർഷമായി ചൈനയിൽ ഗതാഗത നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. റോഡ് ഗതാഗതം മുതൽ വിമാന സർവിസുകൾക്ക് വരെ നിയന്ത്രണമുണ്ടായത് എണ്ണയുടെ ഉപയോഗം വൻ തോതിൽ കുറയുന്നതിന് കാരണമായി.
റോഡ് ഗതാഗതത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. നിലവിൽ റോഡുകളിൽ വാഹനങ്ങൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്. ഇത് കൂടുതൽ എണ്ണയുടെ ഉപഭോഗത്തിലേക്ക് രാജ്യത്തെ നയിക്കും. മുടങ്ങിക്കിടക്കുന്ന സേവനങ്ങൾ വീണ്ടും പഴയ രീതിയിലെത്തുന്നതോടെ എണ്ണയുടെ ഉപഭോഗം വീണ്ടും കുതിച്ചുയരും. ഇത് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഇനിയും ഉയരാൻ കാരണമാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒമാൻ എണ്ണ വിലയും വർധിക്കാൻ കാരണമാകും.