
മസ്കത്ത്: തലസ്ഥാനനഗരിക്ക് ആഘോഷരാവുകൾ പകർന്ന് മസ്കത്ത് നൈറ്റ്സ് ഇന്ന് ആരംഭിക്കും. ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാലു വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ മേളയുടെ മാറ്റുകൂട്ടും. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മാറ്റിയതിന് ശേഷമുള്ള ആദ്യ ഫെസ്റ്റിവലായതിനാൽ ഇത്തവണ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.
വിനോദപരിപാടികൾക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്റെ പരിപാടികൾ മാറും. ടിക്കറ്റ് ബുക്ക് ചെയ്യാനും പരിപാടികളുടെ ഷെഡ്യൂൾ കാണാനും ഓൺലൈനിലൂടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗവർണറേറ്റുകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഖുറം മേഖലയിലെ ഗതാഗതക്കുരുക്ക് തടയുന്നതിന്റെ ഭാഗമായി പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.