മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ഈ വർഷം സുൽത്താൻ ഖാബൂസ്, ഖസബ്, സലാല എന്നീ തുറമുഖങ്ങളിൽ മുപ്പതോളം ക്രൂസ് കപ്പലുകൾ എത്തും. ഒമാൻ തുറമുഖ അതോറിറ്റിക്ക് നൽകിയ ആഗോള ഷെഡ്യൂളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൂടെ ഏകദേശം 1.5 ലക്ഷം യാത്രക്കാർ രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലെത്തുമെന്നാണ് അതോറിറ്റിയുടെ കണക്ക് കൂട്ടൽ. ഓരോ കപ്പലിലെയും ആളുകളുടെ ശേഷി, എത്തുന്നതും പുറപ്പെടുന്നതുമായ സമയം തുടങ്ങിയവയൊക്കെ ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇവയിൽ ചില കപ്പലുകൾ സുൽത്താനേറ്റിൽ ഒന്നോ രണ്ടോ ദിവസം തങ്ങുമ്പോൾ മറ്റുള്ളവ അന്ന് തന്നെ പോകുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോസ്റ്റ ടോസ്കാന, ഐഡ കോസ്മ, എം.എസ്.സി ഓപറ, മെയിൻ ഷിഫ് ആറ്, ക്വീൻ മേരി രണ്ട്, നോർവീജിയൻ ജേഡ് എന്നിവയാണ് ഒമാൻ തീരങ്ങളിൽ ഈ വർഷം എത്തുന്ന ആഡംബര കപ്പലുകൾ.
അതേസമയം, ശൈത്യകാല സീസണിന്റെ ഭാഗമായി നിരവധി കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ നേരത്തേ എത്തിയിരുന്നു. ഈ മാസം മൂന്നിന് സലാലയിൽ എത്തിയത് ‘അമേര’ ക്രൂസ് കപ്പൽ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 696 വിനോദ സഞ്ചാരികളടക്കം 1082 യാത്രക്കാരായിരുന്നു ആഡംബര കപ്പലിലുണ്ടായിരുന്നത്. ദോഫാർ ഗവർണറേറ്റിലെ പ്രധാനപ്പെട്ട പൈതൃക, വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളും പാർക്കുകളിലും പരമ്പരാഗത മാർക്കറ്റുകളും വിനോദ സഞ്ചാരികൾ സന്ദർശിക്കുകയും ചെയ്തു.