
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദത്തിന്റെ ഭാഗമായി കുറച്ചു ദിവസമായി പെയ്യുന്ന മഴയിൽ കുറവ് രേഖപ്പെടുത്തി. അനിഷ്ടസംഭവങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലാണ് പൊതുജനങ്ങൾ.
മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, മസ്കത്ത്, സലാല തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത്. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചെറിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ എത്തിയത്. പലയിടത്തും വാദികൾ രൂപപ്പെട്ടു. വാദികൾ മുറിച്ചുകടക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശം നൽകിയിരുന്നു.