തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും.
രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ജി ഡി പി യുടെ 3. 3% ശതമാനം വർധനവുണ്ടായി. 2019- 20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധന.
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.
മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടു വരും.
ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും
ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും.
കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി ആരംഭിക്കും.