
മസ്കത്ത്: ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നു. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ തിങ്കളാഴ്ച ഒരു റിയാലിന് 214.40 രൂപ എന്ന നിരക്കാണ് നൽകിയത്. അതേസമയം വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ്.ഇ എക്സ്ചേഞ്ചിൽ വിനിമയ നിരക്ക് ഒരു റിയാലിന് 215 രൂപ കടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വിനിമയ നിരക്ക് ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒക്ടോബർ 20ന് വിനിമയ നിരക്ക് 215 നടുത്തെത്തിയിരുന്നു. പിന്നീട് താഴേക്ക് പോവുകയും ഡിസംബർ 23ന് വീണ്ടും റിയാലിന് 215 രൂപക്കടുത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ വർഷമാദ്യത്തോടെ തന്നെ വിനിമയ നിരക്ക് താഴേക്കുപോവുകയും ജനുവരി 20ന് 210ൽ താഴെവരെ എത്തുകയും ചെയ്തിരുന്നു. 22ന് ശേഷമാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. തിങ്കളാഴ്ചയാണ് പുതിയ നിരക്കിലേക്കെത്തിയത്.
ഡോളർ ശക്തി പ്രാപിക്കുന്നതാണ് രൂപയുടെ മുല്യം ഇടിയാൻ പ്രധാന കാരണം. പലിശ നിരക്ക് ഉയർത്തുന്നതടക്കമുള്ള കാരണങ്ങളാൽ അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുകയാണ്. ലോകത്ത് സാമ്പത്തികമാന്ദ്യ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളുടെയും നാണയങ്ങളും ഇടിവുഭീഷണി നേരിടുകയാണ്. ഏഷ്യൻ കറൻസികളെല്ലാം വൻ ഭീഷണിയാണ് നേരിടുന്നത്. പാകിസ്താൻ കറൻസി തകർന്ന് തരിപ്പണമായിട്ടുണ്ട്. ജപ്പാൻ കറൻസിയായ യെൻ, യൂറോ തുടങ്ങിയ കറൻസികളെല്ലാം തകർച്ച നേരിടുന്നുണ്ട്.