
മസ്കത്ത്: രാജ്യത്തെ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റിലെ ഏറ്റവും വലിയ ടൂർണമെന്റായ സുൽത്താൻ കപ്പിൽ അൽ നാദ ക്ലബ്ബ് ജേതാക്കളായി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യൻമരായ സീബിനെ തകർത്തു. അൽനാദക്ക് വേണ്ടി വിദേശ താരം അൻതറസാണ് പെനാൽറ്റിയിലൂടെ 20ാം മിനിറ്റിൽ ഗോൾ നേടിയത്.
മന്ദഗതിയിലായിരുന്നു മത്സരം തുടങ്ങിയത്. വ്യത്യസ്ത മുന്നേറ്റങ്ങൾ ഇരു ടീമുകളും നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ഇതിനിടെയാണ് നിലവിലെ ചാമ്പ്യൻമാരെ ഞെട്ടിച്ച് അൽനാദ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്.
അൽനാദക്ക് വേണ്ടി വല കാത്ത ഒമാൻ ദേശീയ ടീമിന്റെ ഗോളി ഇബ്രാഹിമിന്റെ തകർപ്പൻ പ്രകടനമാണ് സീബിന് തിരിച്ചടിയായാത്. സുൽത്താൻ കപ്പിലെ അൽ നാദ ക്ലബിന്റെ ആദ്യ കിരീടമാണിത്. ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീൻ ബിൻ ഹൈതം, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.