കനാലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടിക​ളെ രക്ഷിച്ച പ്രവാസി മുങ്ങി മരിച്ചു; സംഭവം മകളുടെ നിക്കാഹിന് നാട്ടിലെത്തിയപ്പോൾ

കനാലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടിക​ളെ രക്ഷിച്ച പ്രവാസി മുങ്ങി മരിച്ചു. വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ്​ മരിച്ചത്. അരയാക്കൂല്‍ കനാലിന്‍റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമായിരുന്ന മൂന്ന് കുട്ടികളെ രക്ഷിച്ച ശേഷമായിരുന്നു ദാരുണ സംഭവം.

കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ അയല്‍വാസികളായ മൂന്നു കുട്ടികളെയാണ് സഹീര്‍ നീന്തിച്ചെന്ന് രക്ഷിച്ചത്. ഒടുവില്‍ കരയിലേക്ക് നീന്തുന്നതിനിടെ സഹീർ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.മകളുടെ നിക്കാഹിനു വേണ്ടി ഖത്തറില്‍നിന്നും ലീവിനെത്തിയതായിരുന്നു സഹീര്‍. വ്യാഴാഴ്​ച വൈകീ​ട്ടോടെയാണ് കനാലിലേക്ക് പോയത്. കൂടെ അയല്‍വാസികളായ കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടികളെ രക്ഷിച്ചശേഷം ഒരാള്‍ മുങ്ങിത്താഴുന്നത് മറുകരയില്‍ നിന്നവര്‍ കണ്ടിരുന്നു. ഇവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കനാലിന്‍റെ മധ്യഭാഗത്ത് നിന്നാണ് സഹീറിന്‍റെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കനാലില്‍ ഒരാള്‍ മുങ്ങിമരിച്ചപ്പോള്‍ സഹീറായിരുന്നു മൃതദേഹം പുറത്തെടുത്തത്. നാട്ടിലെ വിവാഹ വീടുകളിലും മരണ വീടുകളിലും സഹീര്‍ സഹായവുമായി എത്താറുണ്ടായിരുന്നു. മൂന്നു ജീവനുകള്‍ രക്ഷപ്പെടുത്തിയ ശേഷമുള്ള സഹീറിന്‍റെ വിയോഗം നാട്ടുകാർക്ക് തീരാദുഃഖമായി.