മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മനവിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയ’ത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെ പ്രവേശിക്കാവുന്നതാണ്. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. റമദാനിൽ ഇത് രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയായിരിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ പ്രവേശന ഫീസായി അഞ്ചു റിയാൽ നൽകണം.
രണ്ടു പെരുന്നാൾ ദിവസങ്ങളിലും മ്യൂസിയം തുറക്കില്ലായെന്ന് അധികൃതർ അറിയിച്ചു. പ്രമോഷന്റെ ഭാഗമായി ശനിയാഴ്ച സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് മ്യൂസിയം സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിയത്. മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് മ്യൂസിയം ഔദ്യോഗികമായി നാടിന് സമർപ്പിച്ചത്. സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.