ദോഫർ ഗവർണറേറ്റിൽ സ്വദേശി പൗരൻ മുങ്ങി മരിച്ചു

ഒമാനിലെ ദോഫർ ഗവർണറേറ്റിൽ സ്വദേശി പൗരൻ മുങ്ങി മരിച്ചു. സലാല വിലായത്തിലാണ് അപകടം നടന്നത്. സലാലയിലെ അൽ ജർസീസ് മേഖലയിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാനില്ലെന്ന റിപ്പോർട്ടിനെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്. പൊതു ജനങ്ങൾ ഇത്തരം വെള്ളക്കെട്ടുകളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.