ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാനിൽ ലാൻഡ് ചെയ്യാൻ അനുവാദമില്ല; നായിഫ് അൽ അബ്രി

മസ്കത്ത്​: ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാനിൽ ലാൻഡ് ചെയ്യാൻ അനുവാദമില്ല എന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. എന്നാൽ ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവാദമുള്ളതായും അദ്ദേഹം വ്യക്തമാക്കി. 2022ലെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെയും കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ്​ അദ്ദേഹം ഇക്കാ​ര്യം വ്യക്​തമാക്കിയത്​.

ഇസ്രായേൽ എയർലൈനുകൾക്ക് നമ്മുടെ വ്യോമാതിർത്തിയിലൂടെ മാത്രമേ പറക്കാൻ അനുവാദമുള്ളൂ. അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ്​ സാഹചര്യമില്ലെങ്കിൽ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറങ്ങാൻ വിമാനക്കമ്പനികൾക്ക് അനുമതിയില്ലഎന്നും അൽ അബ്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.