കോവിഡ് പ്രൊട്ടോകോളുകളിൽ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമാണ്.
മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂർണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദർശകരും മാസ്ക് ധരിക്കൽ നിർബന്ധമാണ്. പൊതുസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, പൊതുഗതാഗ സംവിധാനങ്ങൾ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഇസ്തിറാഹകളിലെ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൾ എത്രപേർക്കും പങ്കെടുക്കാം. നിശ്ചിത എണ്ണം പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലായിടത്തെയും പ്രവേശനം രണ്ടുഡോസ് എടുത്തവർക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും.പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങൾക്കായുള്ള തവക്കൽനാ ആപ് കാണിക്കൽ നിർബന്ധമാണ്.