ആരോഗ്യമേഖലയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ

ആരോഗ്യമേഖലയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. ആരോഗ്യ മന്ത്രാലയവും, തൊഴിൽ മന്ത്രാലയവും ഇത് സംബന്ധിച്ച ധാരണയിലെത്തി. നഴ്‌സിംഗ്-പാരാമെഡിക്കൽ ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശി ജീവനക്കാരെ നിയമിക്കാനാണ് നിലവിൽ നീക്കം നടത്തുന്നത്.

സ്വദേശികൾക്ക് നിയമനം നൽകുന്നതിന് മുന്നോടിയായുള്ള പരിശീലനം അടക്കമുള്ള കാര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ആരോഗ്യ-തൊഴിൽ മന്ത്രാലയങ്ങൾ ധാരണയിലെത്തി. വിവിധ തസ്‌തികകളിലായി ഒരു വർഷത്തിനുള്ളിൽ 900 സ്വദേശികളെ നിയമിക്കാനാണ് നിലവിൽ ലക്ഷ്യം വെക്കുന്നത്. ഇതിൽ 610 പേരെ ഇതിനോടകം തന്നെ നിയമിച്ചു കഴിഞ്ഞു.

134 സ്വദേശികളുടെ നിയമന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. കൂടാതെ 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളിൽ ആരോഗ്യമേഖലയിൽ നിയമിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു വർഷമാണ് സ്വദേശികൾക്ക് പരിശീലനം നൽകുന്നത്. ഇതിന് തൊഴിൽ മന്ത്രാലയം സാമ്പത്തിക സഹായം നൽകുകയും ചെയ്യും.