
മസ്കത്ത്: അൽ ദഖിലിയ ഗവർണറേറ്റിലെ താഴ്വരയിലേയ്ക്ക് വിദ്യാർത്ഥികളുമായി സ്കൂൾ ബസ് ഒഴുകിയെത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് റോയൽ ഒമാൻ പോലീസ് (ആർഒപി). താഴ്വരയിലേക്ക് ഒഴുകുന്നതിന് മുമ്പ് ബസ് തകരാറിലായെന്നും വിദ്യാർത്ഥികളെ മറ്റൊരു ബസിൽ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയെന്നും എല്ലാവരും സുഖമായി ഇരിക്കുന്നുവെന്നും ആർഒപി വ്യക്തമാക്കി.
അൽ-ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്ത് ഗ്രാമത്തിലെ ഔസ് ബിൻ താബിത് സ്കൂൾ ഫോർ ബേസിക് എജ്യുക്കേഷനിലെ വിദ്യാർത്ഥികളുമായി സ്കൂൾ ബസ് താഴ്വരയിലേക്ക് നീങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ജലനിരപ്പ് ഉയരുന്ന സമയത്ത് എല്ലാ വിദ്യാർത്ഥികളും ബസിൽ നിന്ന് പുറത്തിറങ്ങിയതായി റോയൽ ഒമാൻ പോലീസിലെ (ആർഒപി) ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികളും സുഖമായിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതേസമയം കനത്ത മഴയുടെ പ്രവചനം കണക്കിലെടുത്ത്, തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.