മസ്കത്ത്: അൽ ജിസ്ർ ഫൗണ്ടേഷന്റെ ധനസഹായത്തോടെ സൂർ ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്ററിന്റെ നിർമാണ പദ്ധതിക്ക് തറക്കല്ലിടൽ മാർച്ച് 29 ബുധനാഴ്ച ആരോഗ്യമന്ത്രി ഡോ.ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സാബ്തി നിർവഹിച്ചു.
സുൽത്താനേറ്റിന്റെ എല്ലാ ഗവർണറേറ്റുകളിലും അത്യാധുനിക ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് കേന്ദ്രം സ്ഥാപിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ ചികിത്സാ രീതികൾക്കനുസൃതമായി യോഗ്യതയുള്ള മെഡിക്കൽ സ്റ്റാഫിനെ സജ്ജീകരിച്ച് വൃക്കരോഗങ്ങളും ഡയാലിസിസിനും രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സേവനങ്ങളും പ്രവർത്തിപ്പിക്കുന്നതിൽ ആരോഗ്യ മന്ത്രാലയം വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്ത് കാട്ടി. ഈ കേന്ദ്രം ഈ ഗവർണറേറ്റിൽ നിന്നുള്ള ഡയാലിസിസ് രോഗികൾക്ക് സേവനം നൽകുമെന്നും സമാനമായ മറ്റ് കേന്ദ്രങ്ങളുടെ ജോലിഭാരം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായാണ് കേന്ദ്രത്തിന്റെ യഥാർത്ഥ പ്രവർത്തനം നടത്തുന്നത്. ഡയാലിസിസ് യൂണിറ്റിൽ മുതിർന്നവർക്ക് 22 കിടക്കകളും പീഡിയാട്രിക് തീവ്രപരിചരണ വിഭാഗങ്ങൾക്കായി 8 കിടക്കകളും ഉൾപ്പെടെ 30 കിടക്കകളായിരിക്കും സജ്ജീകരിക്കുന്നത്. അതോടൊപ്പം, അടിസ്ഥാന മെഡിക്കൽ സപ്ലൈകളോട് കൂടിയ ഒരു തീവ്രപരിചരണ വിഭാഗവും ഇവിടെ സ്ഥാപിക്കും.