
ഖസബ്: മുസന്ദം ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും വികസത്തിനായി മുസന്ദം മുനിസിപ്പാലിറ്റി നിരവധി സേവന, സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുന്നു. ചരിത്ര പ്രസിദ്ധമായ കംസാർ ഗ്രാമം വികസിപ്പിക്കുക, ഖുർ നജ്ദിൽ ഒരു ഫ്ലോട്ടിംഗ് പിയർ നിർമ്മിക്കുക, ഖുർഷാം പർവത പാതയുടെ നിർമ്മാണം, ദിബ്ബയിലെ വിലായത്തിലെ വാട്ടർഫ്രണ്ട് തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു.
2.5 കിലോമീറ്റർ വാക്കിംഗ് ട്രാക്കിന്റെ നിർമ്മാണം ഉൾപ്പെടെ സാമ്പത്തിക, വിനോദസഞ്ചാര, സാമൂഹിക മേഖലകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ നിലവിൽ പൗരസമിതി കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുസന്ദം മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിൻ നാസിർ ബിൻ ഹുമൈദ് അൽ ഹൊസ്നി പറഞ്ഞു.
കംസാർ വില്ലേജിന്റെ വികസന പദ്ധതി 90 ശതമാനം പൂർത്തിയായി. മുൻഭാഗം രൂപകൽപന, പാലം, ഗ്രാമത്തിലേക്കുള്ള വഴിയരികിൽ വേവ് ബ്രേക്കറുകൾ നിർമിക്കൽ, മത്സ്യത്തൊഴിലാളി ഫോറം പദ്ധതിക്ക് പുറമെ ഗ്രാമത്തിൽ കുട്ടികളുടെ പാർക്ക് നിർമാണം എന്നിവയും പദ്ധതിയിയുടെ ഭാഗമാണ്.
ബോട്ടുകളുടെ സഞ്ചാരം സുഗമമാക്കുന്ന പ്രധാന സ്ഥലമായതിനാൽ മുസന്ദം ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സേവന പദ്ധതികളിലൊന്നാണ് ഫ്ലോട്ടിംഗ് പിയർ പദ്ധതി. 750 മീറ്റർ ഉയരമുള്ള പ്ലാറ്റ്ഫോമോടുകൂടിയ ആധുനിക രൂപകൽപ്പനയാണ് പിയറിന് ഉള്ളത്, ഇതിലൂടെ വിനോദസഞ്ചാരികൾക്ക് അതിശയകരമായ കാഴ്ചകൾ കാണുന്നതിന് സാധിക്കും.