ഇബ്രിയിൽ ഭൂചലനം അനുഭവപ്പെട്ടു

ഒമാനിൽ ഇന്നലെ രാത്രിയോടെ തീവ്രത കുറഞ്ഞ ഭൂമി കുലുക്കമുണ്ടായതായി റിപ്പോർട്ട്. സുൽത്താൻ ഖബൂസ് സർവകാലാശാലയിലെ ഭൂകമ്പ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി നഗരത്തിലാണ് ഭൂചലനമുണ്ടായത്. നിസ്‌വ നഗരത്തിന് 110 കിലോ മീറ്റർ അകലെയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇന്നലെ രാത്രി ഒമാൻ സമയം 7.52 നാണ് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 0.3 കിലോ മീറ്റർ ആഴത്തിൽ രൂപം കൊണ്ട ഭൂചലനത്തിൽ ആളപായങ്ങളോ, നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.