
മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ നിരവധി പ്രദേശങ്ങളിലും വിലായത്തുകളിലും ആലിപ്പഴ വർഷം അനുഭവപ്പെട്ടു. മലകളും പീഠഭൂമികളും വെളുത്ത നിറത്തിൽ പൊതിഞ്ഞു. മസ്കറ്റ് ഗവർണറേറ്റിലെ ഖുറയ്യത്ത്, നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സഹം, സോഹാർ, അൽ ദഖിലിയയിലെ വിലായത്തിലെ അൽ ജബൽ അൽ അഖ്ദർ, അൽ ഹംറ എന്നിവയുൾപ്പെടെ ഒമാൻ സുൽത്താനേറ്റിലെ നിരവധി വിലായത്തുകളിൽ വ്യാഴാഴ്ച കനത്ത ആലിപ്പഴ വർഷം ഉണ്ടായി.
വ്യാഴം, വെള്ളി ദിവസങ്ങളിൽ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിൽ, പ്രത്യേകിച്ച് വടക്കൻ ഗവർണറേറ്റുകളിലും ഹജർ പർവതനിരകളുടെ രണ്ട് ശൃംഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമർദം തുടരുമെന്ന് ഒമാനി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ദോഫാർ, അൽ വുസ്ത, അൽ ദഖിലിയ, അൽ ദാഹിറ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്കറ്റ് ഗവർണറേറ്റിന്റെ ചില ഭാഗങ്ങൾ, എന്നിവിടങ്ങളിൽ 30 മുതൽ 70 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുള്ളതായും സിഎഎ കൂട്ടിച്ചേർത്തു.