സോഷ്യൽ മീഡിയയിൽ യൂസഫലിക്ക് എതിരെ വ്യാജ പ്രചരണം, ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി സമൻസ്

ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ യൂസഫലിക്ക് എതിരെ
സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ കേസിൽ ഓൺലൈൻ മാധ്യമം മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി സമൻസ്. ലഖ്‌നൗവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി സമൻസ് അയച്ചത്. ലക്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് സമൻസ് അയച്ചത്. ഷാജൻ സ്‌കറിയക്ക് പുറമെ മറുനാടൻ മലയാളിയുടെ സിഇഒ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. മൂന്ന് പേരോടും ജൂൺ ഒന്നിന് നേരിട്ട് ഹാജരാകണം എന്ന് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മുഖേന സമൻസ് ഷാജൻ സ്‌കറിയ കൈപ്പറ്റാൻ കോടതി നിർദേശിച്ചു. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടർക്ക് വേണ്ടി ഹാജരായത്.

മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ ഷാജൻ സ്‌കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. ഷാജൻ സ്‌കറിയ ചെയ്ത വീഡിയോയിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചത്.

നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജിഎൻവൈ ഏഷ്യാ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വീഡിയോവിൽ ആരോപിച്ചിരുന്നത്. യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറ്കടർ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്