
മസ്കത്ത്: ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിൽ 42 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. പലരുടെയും നില ഗുരുതരമാണ്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) അപകടങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും വാതക ചോർച്ച തടയുകയും ചെയ്തു.
ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് സി.ഡി.എ.എയുമായി ചേർന്ന് അപകട സ്ഥലത്ത് നിന്ന് സിലിണ്ടർ നീക്കം ചെയ്തു. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.