ഒമാന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, സൗത്ത് മസ്‌കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 10 വരെ കനത്ത മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 20-45 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

അതേസമയം താഴ്ന്ന സ്ഥലങ്ങളിൽ നിന്നും വാടികളിൽ നിന്നും മാറി നിൽക്കണമെന്നും വാടികളിൽ നീന്താൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും പൊതു സുരക്ഷയെ മുൻനിർത്തി അവരെ ഒരിക്കലും വാടികൾ കടക്കാനോ അപകടത്തിൽ പെടാനോ അനുവദിക്കരുതെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു.