
മസ്കറ്റ്: ജൂൺ 11ന് വാദി ദേഖ അണക്കെട്ടിന്റെ ഗേറ്റുകൾ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. മസ്കറ്റിൽ നിന്ന് 75 കിലോമീറ്റർ അകലെ ഖുറയാത്തിൽ സ്ഥിതി ചെയ്യുന്ന വാദി ദേഖ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണിത്.
ചുറ്റുമുള്ള മലകളിൽ നിന്ന് മഴവെള്ളം ശേഖരിക്കുന്നതിനും താഴെയുള്ള ഗ്രാമങ്ങളിലൂടെ ഒഴുകുന്ന വെള്ളം നിയന്ത്രിക്കുന്നതിനുമായി 2012 ലാണ് ദേഖ അണക്കെട്ട് നിർമ്മിച്ചത്. അതിശയിപ്പിക്കുന്ന ശുദ്ധജല തടാകവും അണക്കെട്ടിന്റെ പ്രധാന ബോഡിയിൽ നിന്ന് 7 കിലോമീറ്റർ ഒഴുകുന്ന ഒരു അരുവിയും ഇവിടെയുണ്ട്.
‘ഏകദേശം 15 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നതിനാണ് മന്ത്രാലയം വാദി ദേഖ അണക്കെട്ട് തുറക്കുന്നത്. 100mn m3 സംഭരണശേഷിയും 75m ഉയരവുമാണ് അണക്കെട്ടിനുള്ളത്.’ ഡാഗ്മർ, ഹെയിൽ അൽ ഗഫ് ഗ്രാമങ്ങളിലെ ജനങ്ങളുടെ കൃഷിയിടങ്ങൾക്കായി ഭൂഗർഭ ജലസംഭരണികൾ തീർക്കുക എന്നതാണ് ഡാം തുറക്കുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു .
അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് വാഡിയിൽ നിന്ന് വിട്ടുനിൽക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.