
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഗോള വിദ്യാഭ്യാസ റോമിങ് സേവനമായ ‘എഡ്യൂറോം’ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം ഒമാൻ എയർപോർട്ട്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. എഡ്യൂറോം ഗവേഷണം, ഉന്നത വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം എന്നിവയിലെ ഉപയോക്താക്കൾക്കുള്ള ഒരു അന്താരാഷ്ട്ര വൈഫൈ ഇന്റർനെറ്റ് ആക്സസ് റോമിങ് സേവനമാണ്.
ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് അവരുടേതല്ലാത്ത ഒരു സ്ഥാപനം സന്ദർശിക്കുമ്പോൾ നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ കഴിയും. വിദ്യാർഥികൾക്കും അക്കാദമിക് വിദഗ്ധർക്കും സുരക്ഷിതമായ വയർലെസ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന മിഡിലീസ്റ്റിലെ ആദ്യത്തെ വിമാനത്താവളമാണ് മസ്കത്ത് എയർപോർട്ട്.
ഔദ്യോഗിക ഗവേഷണ ശൃംഖലയുമായി ബന്ധമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും മാത്രമേ ഇത് ലഭ്യമാകൂവെന്ന് ഇന്നവേഷൻ സെന്റർ ഡയറക്ടർ ജനറൽ നജാ മുഹമ്മദ് അൽ റാഷിദിയ പറഞ്ഞു. നിലവിൽ ഒമാനിലെ സർവകലാശാലകൾ, കോളജുകൾ, എന്നിങ്ങനെ 36 തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഈ സേവനം ലഭ്യമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.