
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, മസ്‌കത്ത്, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരയിലുമാണ് മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
വിവിധ സ്ഥലങ്ങളിൽ 10 മുതൽ 30 മി.മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയും കേന്ദ്രം വ്യക്തമാക്കി. മണിക്കൂറിൽ 18 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റുണ്ടാവുക. വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാദികളിൽ നീന്തരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ വാദികളിൽ ഇറങ്ങാൻ അനുവദിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.