ദോഫാറിൽ മേഘാവൃതമായ കാലാവസ്ഥ; ഇടയ്ക്കിടെ മഴ ഉണ്ടാകാൻ സാധ്യത- ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് – ദോഫാറിന്റെ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള മലനിരകളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ ഇടയ്‌ക്കിടെ ചാറ്റൽ മഴയ്‌ക്കും ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു. അൽ വുസ്തയിലും ദോഫാറിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും ഒപ്പം ഉയർന്നതും ഇടത്തരവുമായ മേഘങ്ങൾ ഉണ്ടാകുമെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു.

അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രി വൈകിയോ അതിരാവിലെയോ താഴ്ന്ന നിലയിലുള്ള മേഘങ്ങളോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുഭൂമിയിൽ പൊടിക്കാറ്റും മണൽക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്രം പ്രവചിക്കുന്നു. മൂടൽമഞ്ഞ്, മഴ, പൊടി എന്നിവ കാരണം ദൃശ്യപരത പരിമിതമായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിക്കുന്നു.