ഒമാനിൽ സ്വകാര്യമേഖലയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെ ഉള്ള വ്യവസ്ഥകളാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിക്ക് അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്.