
മസ്കത്ത്: ചൂടിന് ആശ്വാസമായി ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യാങ്കൂൾ, മുദൈബി, അൽ-വഖ്ബ, നിസ്വ, ഇസ്ക്കി എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സം ഉണ്ടായി. പലയിടത്തും ആലിപ്പഴവും വർഷിക്കുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഉച്ചക്ക് ശേഷമാണ് കനത്ത മഴ ആരംഭിച്ചത്. വൈകീട്ടോടെയാണ് മഴ ശക്തിപ്രാപിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽനിന്നും വാദികളിൽനിന്നും എല്ലാവരും മാറിനിൽക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ആളുകളോട് നിർദേശിച്ചിട്ടുണ്ട്.