
മസ്‌കറ്റ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പൽ ഐഎൻഎസ് വിശാഖപട്ടണം ഒമാനിലെത്തിയതായി ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവികസേനയും ഒമാൻ നാവികസേനയും തമ്മിലുള്ള സമുദ്രപങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പൽ ഒമാൻ തീരത്തെത്തിയത്.
മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ നേവിയും റോയൽ ഒമാൻ നേവിയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലീറ്റിന്റെ ഭാഗമാണ് യുദ്ധക്കപ്പലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഡിസ്ട്രോയറുകളുടെ പി 15 ബി ക്ലാസിന്റെ പ്രധാന കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 2021 നവംബർ 21 നാണ് കമ്മീഷൻ കപ്പൽ ചെയ്തത്.