
ചൈനയിൽ നടക്കുന്ന ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കായിക താരങ്ങൾക്ക് ഒമാൻ ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ഏഴ് ഇനങ്ങളിലാണ് രാജ്യം മാറ്റുരക്കുക. ചെയർമാൻ ഖാലിദ് ബിൻ മുഹമ്മദ് അൽ സുബൈറിൻറെ അധ്യക്ഷതയിൽ ചേർന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.
കായിക താരങ്ങളുടെ അടുത്ത ഘട്ടത്തിലെ പരിശീലനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു. അത്ലറ്റിക്സ്, വെയ്റ്റ്ലിഫ്റ്റിങ്, സെയ്ലിങ്, ഷൂട്ടിങ്, ഹോക്കി, ബീച്ച് വോളിബാൾ, നീന്തൽ എന്നീ ഇനങ്ങളിലാണ് താരങ്ങൾ പങ്കെടുക്കുന്നത്. താരങ്ങളുടെ പൂർണ സന്നദ്ധതയും മികച്ച വിജയവും ഉറപ്പുവരുത്തുന്നതിന് സാങ്കേതികമായ മുന്നൊരുക്കങ്ങളും മറ്റും പൂർത്തിയാക്കാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഒളിമ്പിക് കമ്മിറ്റിയുടെ സാമ്പത്തിക സാഹചര്യവും ഈ വർഷത്തെ രണ്ടാം പാദത്തിലെ ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ ചർച്ചയായി.