സലാല: ഒമാനിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട് നിർമാണം ദോഫാർ ഗവർണറേറ്റിലെ സലാലയിൽ പുരോഗമിക്കുന്നു. വെള്ളപ്പൊക്ക സംരക്ഷണ പദ്ധതിയുടെ ഭാഗമായ അണക്കെട്ട് 2024 ജൂലൈയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സലാല തുറമുഖം, സലാല ഫ്രീ സോൺ, റെയ്സുത് ഇൻഡസ്ട്രിയൽ സിറ്റി എന്നിവയടക്കം സുപ്രധാന മേഖലകൾ കടുത്ത വെള്ളപ്പൊക്കത്തിൽനിന്ന് സുരക്ഷിതമാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്.
പ്രശസ്ത സിവിൽ കൺസ്ട്രക്ഷൻ സ്ഥാപനമായ സെഡ് എൻജിനിയേഴ്സ് ആൻഡ് പാർട്ണേഴ്സ് എൽ.എൽ.സിയാണ് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിനുവേണ്ടി ഡാമിന്റെ നിർമാണത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ചെലവ് 2.39 കോടി ഒമാൻ റിയാലാണ്. സലാലയിലെ ഏറ്റവും വലിയ വാദികളിൽ ഒന്നായ വാദി അദാനിബിൽ 386 മീറ്റർ നീളത്തിലാണ് അണക്കെട്ട് നിർമിക്കുന്നത്. തെക്കൻ ഒമാനിലും അയൽരാജ്യമായ യമനിലും വീശിയടിച്ച മെകുനു ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടമുണ്ടായ സംഭവത്തിന് രണ്ടു വർഷത്തിനു ശേഷം 2020ലാണ് ഡാം നിർമാണം പ്രഖ്യാപിച്ചത്.
വാദി അദാനിബ് അണക്കെട്ടിന്റെ ഇൻടേക് ടവർ ഒമാനിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കോൺക്രീറ്റ് ഘടനയായിരിക്കും. നിലവിൽ മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്കിന്റെ മിനാരങ്ങളാണ് ഏറ്റവും ഉയരം കൂടിയത്.